Sunday, March 4, 2018

ഇടതിനെ സ്നേഹിക്കുന്നവർക്കാവശ്യം വ്യക്തിത്വമുള്ള പക്ഷത്തെയാണ്




“ഇന്ന് കേരളത്തിൽ മാത്രം ഭരണവും, ബംഗാളിലും ത്രിപുരയിലും ചുരുക്കം ചില സ്ഥലങ്ങളിൽ സാന്നിധ്യവുമുള്ള ഒരു പാർട്ടി” -- സിപിഎം ഉൾപ്പെടുന്ന ഇടതു പക്ഷത്തെ സാധാരണക്കാർ കാണുന്നത് ചിലപ്പോൾ ഇങ്ങനെയായിരിക്കും.

അപ്പോഴും പലരെങ്കിലും ചിന്തിക്കുന്നതും, പുതുതായി ആരെങ്കിലും ചിന്തിക്കേണ്ടതുമായ ഒരു കാര്യമുണ്ട്... എന്ത് കൊണ്ടായിരിക്കും കോൺഗ്രസ്സ് മുക്ത ഭാരതം എന്ന് ടാഗ് ലൈൻ ഉള്ള ബിജെപി, ഇന്ത്യ ഭരിക്കുന്നതും, ഒട്ടു മിക്ക സംസ്ഥാനങ്ങളിലും അധികാരവുമുള്ള ഒരു പാർട്ടി, മേൽ പറഞ്ഞ സിപിഎം, ഇടതു പക്ഷം, എന്നിവർക്കുമെതിരെ ഇത്ര രൂക്ഷമായ രീതിയിൽ രാജ്യ വ്യാപകമായി പ്രചാരണങ്ങളും, പ്രതിഷേധങ്ങളും, മാർച്ചുകളും, യാത്രകളുമൊക്കെ നടത്തുന്നത്??

അപ്പോൾ ഈ പക്ഷത്തിൽ എന്തോ ഉണ്ട്... അല്ലെങ്കിൽ ഇടതു പക്ഷക്കാർ പോലും തിരിച്ചറിയാത്ത എന്തോ ഗുണം; അല്ലെങ്കിൽ ഈ വിഭാഗത്തിന്റെ വളർച്ച താങ്കൾക് സമീപ ഭാവിയിൽ ബുദ്ധിമുട്ടാകും എന്ന തിരിച്ചറിവ്, രാഷ്ട്രീയ കൗശലക്കാരായ ബിജെപി പോലും തിരിച്ചറിഞ്ഞിരിക്കുന്നു.. എന്തോ ഇടതു പക്ഷത്തെ പലരും ഈ ഗുണപരമായ സാധ്യതയെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോനുന്നു... വലിയ ഇടത് നേതാക്കൾ ഉൾപ്പടെ..!!

മേല്പറഞ്ഞ കാര്യങ്ങൾ ചിന്തയിൽ വെച്ച് കൊണ്ടായിരിക്കണം ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഇടതു പക്ഷത്തിന്റെ കോൺഗ്രസ്സ് സഹകരണം എന്ന ആശയത്തെ നോക്കിക്കാണാൻ...

ബംഗാളിൽ കോൺഗ്രെസ്സുമായി മത്സരിച്ചപ്പോൾ നേട്ടം കോൺഗ്രസ്സിനായിരുന്നു... അപ്പോൾ പിന്നെ കോൺഗ്രെസ്സുമായി പോയിട്ട് കാര്യമില്ലെന്നു എളുപ്പത്തിൽ മനസ്സിലാക്കിക്കൂടെ.... 

കോണ്‍ഗ്രസ് / സിപിഎം സഖ്യമുണ്ടായാല്‍ അത് ഉയര്‍ത്തിക്കാട്ടിയായിരിക്കും ബിജെപി പ്രചരണം നടത്തുക. അത് കോണ്‍ഗ്രസ്, സിപിഎം വിരുദ്ധ വോട്ടുകളെല്ലാം ബിജെപിയില്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കുകയും ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍, ഇവിടങ്ങളില്‍ വളര്‍ന്നുവരുന്ന ബിജെപിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് സാധിക്കുമെന്നാണ് ഇവർ കരുതുന്നത്.  ത്രിപുരയിൽ കോൺഗ്രസ് നേതാക്കൾ നേരിട്ട് ബിജെപി യിൽ ചേർന്നപ്പോൾ, ബാക്കിയുള്ള കോൺഗ്രസ് അണികൾ ബിജെപിക്ക് വോട്ടു ചെയ്തതാണ് പുതു ചരിത്രം... 

എന്തായാലും മുങ്ങുന്ന കപ്പലിലേക്ക് വലിഞ്ഞു കേറി ആ പ്രക്രിയക്ക് ആകാം കൂട്ടാം എന്ന് മാത്രമേ കാര്യമുള്ളൂ... പലയിടത്തും ഇന്ന് കൊണ്ഗ്രെസ്സ് ഒരു മുങ്ങിപ്പോയ കപ്പലാണ്... ടൈറ്റാനിക്കിന്റെ കഥ പറയുന്നത് പോലെ കോൺഗ്രെസ്സിനെക്കുറിച്ചും ഇനി നല്ല കഥകൾ പറയാം എന്ന് മാത്രം..

പ്രലോഭനങ്ങളിൽ മാധ്യമങ്ങളും വീണു പോകും.. കാരണം അതെല്ലാം ഒരു കച്ചവടത്തിന്റെ ഭാഗമാണല്ലോ... കേരളത്തിലെ തന്നെ നിർഭയമായി പറക്കുന്ന ചാനലുകാർ പോലും ചെയ്യുന്നത് എന്താണെന്നു നോക്കിയാൽ ഇത് മനസ്സിലാകും... നിരന്തരമായി ഇടതും വലതും ശരിയല്ല ശരിയല്ല എന്ന് ഉറക്കെ പറഞ്ഞു മൂന്നാമനുള്ള കളമൊരുക്കുന്നു തിരക്കിലാണവർ...  

ഇടതു പക്ഷത്തെ പരിപോഷിപ്പിക്കാനെന്ന ലേബലിൽ ഇടതു പക്ഷത്തെ നിരന്തരമായി അപകീർത്തിപ്പെടുത്തുന്ന ഒരു കൂട്ടം ബുദ്ധി ജീവികളാണ് ഇന്ന് ഇടതു പക്ഷത്തിനു കൂടുതൽ ക്ഷീണമുണ്ടാക്കുന്നത്... ഈ ബുദ്ധി ജീവികൾക്കറിയില്ല ഇവർ കുളിപ്പിച്ച് കുളിപ്പിച്ച് ഈ കുട്ടി ഇല്ലാതായാൽ എന്ത് ചെയ്യും എന്ന്.. ഇവർക്കു ഇപ്പോഴും കയ്യടി കിട്ടുന്നത് ഇടതു പക്ഷത്തെ കുറ്റം പറയുമ്പോൾ മാത്രമാണ്....

താഴെ തട്ടിൽ നിന്നും പ്രവർത്തിച്ചു ഇനി പാർട്ടിയെ ഉയർത്തിക്കൊണ്ടു വന്നു ഇപ്പോഴൊന്നും അധികാരത്തിലെത്താൻ പറ്റില്ലെന്ന് മനസ്സിലാക്കി, എളുപ്പ വഴിയിൽ അധികാരത്തിന്റെ പാതയിലെത്താൻ ഇന്ന് ബിജെപിയാണ് നല്ലതെന്നു ഒരുവിധം കോൺഗ്രെസ്സുകാരെല്ലാം മനസ്സിലാക്കി... അല്ലെങ്കിലും ഈ ബിജെപിയും കോൺഗ്രസ്സും തമ്മിൽ എന്തെങ്കിലും വ്യതാസമുണ്ടോ... അല്പം വര്ഗീയത കൂടുതൽ പറയും, അത്ര മാത്രം... നയപരിപാടികളിൽ കാര്യമായ മാറ്റമൊന്നും ഇല്ലല്ലോ.. എന്തൊക്കെ പറഞ്ഞാലും, കൊണ്ഗ്രെസ്സ് നയങ്ങൾ നല്ല രീതിയിൽ നടപ്പിലാക്കുന്നത് ഇപ്പോൾ ബിജെപിയാണല്ലോ...

ഇടതു പക്ഷം ഇനിയെങ്കിലും, സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക വളർച്ചക്കൊപ്പം പാർട്ടി പരിപാടികളും മാറ്റണം... വിമര്ശനവും സ്വയം വിമര്ശനവും എന്ന് പറഞ്ഞു ജനങ്ങൾ പോലും മറന്നു പോകുന്ന കാര്യങ്ങൾ വീണ്ടും വീണ്ടും ചർച്ച ചെയ്തു പാർട്ടിക്കാർക്കിടയിലും ജനങ്ങൾക്കിടയിലും വെറുപ്പുണ്ടാക്കിയിട്ടു എന്ത് കാര്യം... ഇന്ന് ഇടത്തരക്കാരനായാൽ ഒരാൾ ലക്‌ഷ്യം വെക്കുന്നത് കൂടുതൽ കൂടുതൽ സൗകര്യങ്ങളുള്ള ഒരു ജീവിത സാഹചര്യമാണ്..അവിടെ ബീഡിയും കട്ടൻ ചായയും വല്ലാതെ ഗുണം ചെയ്യില്ല എന്ന് ത്രിപുര മനസ്സിലാക്കിത്തരുന്നുണ്ടല്ലോ!! 

സാമാന്യം തരക്കേടില്ലാത്ത പ്രാദേശിക പാർട്ടികളുമായി ചേർന്നു അടിത്തട്ടിൽ നിന്നും ശക്തിപ്പെടുന്നതായിരിക്കും ഇനി ഇടതു പാർട്ടികൾക്ക് നല്ലതു എന്ന് തോനുന്നു.. 

ഈ വീഴ്ചയുടെ അവസരം മുതലാക്കി, ചുറ്റുമുള്ളവർ ഒരേ സ്വരത്തിൽ ഉറക്കെ ഉറക്കെ പറഞ്ഞു കൊണ്ടേയിരിക്കും, കോൺഗ്രസിനൊപ്പം ചേരു...മറ്റേതെങ്കിലും പിന്തിരിപ്പന്മാർക്കൊപ്പം  ചേരു...; അവർക്കാവശ്യം ചിലപ്പോൾ ഇടതിന്റെ പെട്ടെന്നുള്ള തകർച്ചയായിരിക്കാം..പക്ഷെ,

ഇടതിനെ സ്നേഹിക്കുന്നവർക്കാവശ്യം വ്യക്തിത്വമുള്ള ഒരു പക്ഷത്തെയാണ് എന്ന് മറക്കാതിരിക്കുക...




Related Posts with Thumbnails